സ്വര്‍ണക്കടത്തു കേസിലെ പ്രതിക്കൊപ്പം കോടിയേരി; ജനജാഗ്രതാ യാത്ര വിവാദത്തില്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജന ജാഗ്രതാ യാത്ര വിവാദത്തില്‍. യാത്ര നടത്തിയത് കള്ളക്കടക്കത്ത് കേസിലെ പ്രതിക്കൊപ്പമെന്ന ആരോപണവുമായി മുസ്ലിം ലീഗും ബിജെപിയും രംഗത്തെത്തി.
ബിജെപിക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്രയ്ക്കിടെ കൊടുവള്ളിയിലെ സി.പി.എം എംഎല്‍എ കാരാട്ട് റസാഖിനൊപ്പം ചുവന്ന കാറില്‍ സഞ്ചരിക്കുന്ന കോടിയേരിയുടെ ചിത്രത്തോടൊപ്പമാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. കോടിയേരി സഞ്ചരിക്കുന്ന കാര്‍ PY 01 WJ 3000 നമ്പര്‍ കാര്‍ കള്ളക്കടത്തു കേസ് പ്രതി ഫൈസല്‍ കാരാട്ടിന്റേതാണെന്നാണ് സുരേന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണം. കോടിയേരിയും കള്ളക്കടത്തുക്കാരുമായുള്ള ബന്ധം പാര്‍ട്ടിയും മുഖ്യമന്ത്രിയും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
കാരാട്ട് ഫൈസലിന്റെ ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലാണ് കൊടുവള്ളിയില്‍ കോടിയേരി സഞ്ചരിച്ചത്. ഡി.ആര്‍.ഐ രജിസ്റ്റര്‍ ചെയ്ത കള്ളക്കടത്ത് കേസില്‍ പ്രതിയാണ് കാരാട്ട് ഫൈസല്‍. ഇത് സംബന്ധിച്ച് എല്ലാ തെളിവുകളും നല്‍കാന്‍ താന്‍ തയ്യാറാണെന്നും, ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാം. അന്വേഷിക്കാന്‍ തയ്യാറാവുമോ പാര്‍ട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേ? എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്.
കൊടുവള്ളി പഞ്ചായത്ത് അംഗവും കൊടുവള്ളി ഐറിഷ് ഗോള്‍ഡ് ഉടമയുമായ ഫൈസല്‍ കാരാട്ടിനെതിരെ കോഫോപോസ കേസ് ചുമത്തിയിരുന്നു. 2014ലാണ് ദുബായിയില്‍ നിന്ന് ആറു കിലോ സ്വര്‍ണം കടത്തവെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസ് ഫിറമോസയും രാഹിലയും പിടിയിലാകുന്നത്. ഈ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായത്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്തു നടത്തുന്നവരില്‍ പ്രധാനിയായിരുന്നു കാരാട്ട് ഫൈസല്‍. റവന്യൂ ഇന്റലിജന്‍സ,് നടത്തിയ അന്വേഷണത്തിലും ഫൈസലിനെ വീട്ടിലെത്തിയായിരുന്നു അറസ്റ്റു ചെയ്തത്.
ബിജെപി നടത്തിയ ജനരക്ഷായാത്രയ്ക്ക് ബദലായാണ് എല്‍ഡിഎഫ് ജന ജാഗ്രതാ യാത്ര ആരംഭിച്ചത്. വടക്കന്‍ കേരളത്തില്‍ സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, തെക്കന്‍ കേരളത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് യാത്ര നയിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.