അനധികൃത നിക്ഷേപം; കടലാസ് കമ്പനികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം

നോട്ട് നിരോധനത്തിന് ശേഷം അനധികൃതമായി നിക്ഷേപം നടത്തിയ കടലാസ് കമ്പനികള്‍ക്കെതിരെ നിലപാട് ശക്തമാക്കി കേന്ദസര്‍ക്കാര്‍. കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനാണ് നീക്കം. കമ്പനി നിയമങ്ങളില്‍ ഭേദഗതി വരുത്തിയതിന് ശേഷം ക്രിമിനല്‍ കേസുമായി സര്‍ക്കാര്‍ മുന്നോട്ടുപോയേക്കുമെന്നാണ് സൂചന.
മുമ്പ് രണ്ടുലക്ഷത്തോളം കമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രം കമ്പനി നിയമത്തിലെ 447ാം വകുപ്പനുസരിച്ച് റദ്ദാക്കിയിരുന്നു. ബാലന്‍സ്ഷീറ്റ്, ആദായ നികുതിയുടെ നീക്കിബാക്കി എന്നിവ സമയബന്ധിതമായി സമര്‍പ്പിക്കാത്ത കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. കമ്പനി നിയമപ്രകാരം മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തിയാവും കമ്പനികള്‍ക്കെതിരെ കേസെടുക്കുക. ദീര്‍ഘകാലമായി ഒരു സാമ്പത്തിക ഇടപാടും നടത്താത്ത സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ പരിശോധിക്കുക.
നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച ശേഷം 5,800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് 4,600 കോടിയോളം രൂപ നിക്ഷേപമെത്തിയതായി കണ്ടെത്തിയിരുന്നു. വൈകാതെ ഇതില്‍ 4,552 കോടി രൂപ പിന്‍വലിക്കെപ്പട്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി ശക്തമാക്കാനുള്ള തീരുമാനമായിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.