കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: അധ്യാപികമാര്‍ ഒളിവില്‍

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപികമാര്‍ ഒളിവില്‍. പൊലീസ് കേസെടുത്ത സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് വിവരം. അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, അധ്യാപികര്‍ക്കെതിരെ കേസെടുത്തതില്‍ ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ രംഗത്തെത്തി. നടപടി ചാപ്പകുത്തുന്നതിന് സമാനമാണെന്ന് അവര്‍ ആരോപിച്ചു. ഗൗരി തെറ്റു ചെയ്തപ്പോള്‍ ശിക്ഷിക്കുകയാണ് ചെയ്തതെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.

ഗൗരിയുടെ ആത്മഹത്യക്ക് പിന്നാലെ സ്‌കൂളിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചുവെന്ന് വെളിപ്പെടുത്തി രക്ഷിതാവ് രംഗത്തെത്തി. സംഭവത്തില്‍ നാന്‍സി എഡ്വേഡ് എന്ന അധ്യാപികയ്‌ക്കെതിരെ കേസെടുത്തതായി വിവരമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനിക്ക് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു.
അധ്യാപികരുടെ കടുത്ത മാനസിക പീഡനമാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് പ്രസന്നകുമാര്‍ രംഗത്തെത്തുകയും ചെയ്തു. ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടു മുന്‍പ് കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി വഴക്കുപറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.