ജിഷ്ണു കേസ്: അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി

ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രവര്‍ഷം വേണ്ടിവരുമെന്ന് കോടതി ആരാഞ്ഞത്. കേസിലെ പ്രതികളായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവരുട ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐ നിലപാട് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. സിബിഐ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.

അതേസമയം, കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കൃഷ്ണദാസിന്റെ ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. അസുഖബാധിതയായ അമ്മയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൃഷ്ണദാസ് അപേക്ഷ നല്‍കിയത്. നേരത്തേ കേരളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും കൃഷ്ണദാസിനെ കോടതി വിലക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.