‘ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരപ്പെടുത്തിയിരിക്കുകയാണ്’; തെരഞ്ഞടുപ്പ് കമ്മീഷനെതിരെ ചിദംബരം

ന്യൂഡല്‍ഹി: ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരപ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം. ഗുജറാത്തില്‍ മോദി നടത്തുന്ന സന്ദര്‍ശനത്തില്‍ എല്ലാ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനാണ് കമ്മീഷന്റെ നീക്കമെന്ന് പി.ചിദംബരം കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചു.
ഹിമാചല്‍പ്രദേശിലെ തെരഞ്ഞടുപ്പ് നവംബര്‍ 9 ന് നടത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാച്ചില്ല. ഇരുസംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും തിയതി പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്ന കമ്മീഷന്റെ നിലപാട് ഗുജറാത്തില്‍ ബിജെപിക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ബിജെപിക്ക് പുതിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ല. ഇക്കാരണത്താലാണ് തിയതി പ്രഖ്യപിക്കാന്‍ വൈകിപ്പിക്കുന്നത്. ‘ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരപ്പെടുത്തിയിരിക്കുകയാണ’് തെരഞ്ഞടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ പി. ചിദംബരം ട്വീറ്റ് ചെയ്തു.

കമ്മീഷന്റെ നിലപാടിനെതിരെ മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. ഖുറേഷി രംഗത്തിറങ്ങിയിരുന്നു. ഈ മാസം 12നാണ് ഹിമാചല്‍പ്രദേശിലെ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി അറിയിച്ചത്. ഹിമാചല്‍ പ്രദേശില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നു.

© 2024 Live Kerala News. All Rights Reserved.