കാര്‍ മോഷണത്തെക്കുറിച്ച് പരാതി പറഞ്ഞ അരവിന്ദ് കെജ്‌രിവാളിന് പാര്‍ക്കിങ് ചട്ടങ്ങളെക്കുറിച്ച് ‘ക്ലാസു’കൊടുത്ത് ഗവര്‍ണര്‍

ഡല്‍ഹി: കാര്‍ മോഷണത്തെക്കുറിച്ച് പരാതി പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വാഹനം പാര്‍ക്കുചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവരിച്ചു നല്‍കി ഗവര്‍ണര്‍ അനില്‍ ബൈജാള്‍. മോഷണം പോയ തന്റെ കാറിനെക്കുറിച്ച് പരാതിപ്പെട്ടപ്പോഴായിരുന്നു പാര്‍ക്ക് ചെയ്തപ്പോള്‍ വരുത്തിയ പിഴവാണ് മോഷണത്തിന് കാരണമായതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്.
പാര്‍ക്കിങിന് അനുവദിച്ച സ്ഥലത്തായിരുന്നില്ല കെജ്‌രിവാളിന്റെ കാര്‍ ഉണ്ടായിരുന്നതെന്നും സെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കെജ്‌രിവാളിന്റെ നീല നിറത്തിലുള്ള വാഗണ്‍ ആര്‍ കാണാതാകുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഗാസിയാബാദില്‍ നിന്നും കാര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കാര്‍ മോഷണത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ പതിമൂന്നിന് ഗവര്‍ണര്‍ക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. രാജ്യതലസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ കഴിഞ്ഞ കുറച്ചു നാളായി താറുമാറായിരിക്കുകയാണെന്നും പൊലീസും നിയമവും താങ്കള്‍ക്ക് കീഴിലാണെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് പാര്‍ക്കിങ് മര്യാദകളെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരിച്ചത്.
2015-ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്നത് നീല വാഗണ്‍ ആര്‍ ആയിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്ന കുന്ദന്‍ ശര്‍മ 2013-ല്‍ കെജ്‌രിവാളിനു സമ്മാനിച്ചതായിരുന്നു ആ കാര്‍. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായതോടെ ഇന്നോവ കാറാണ് ഉപയോഗിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.