തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കുറുക്കു വഴികളുമായി മോഡി; ഗുജറാത്തില്‍ ബിജെപിയുടെ മഹാറാലിയ്ക്ക് ഇന്ന് തുടക്കം

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാറ്റിവെച്ചതിനു പിന്നാലെ മഹാറാലിയുമായി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടപടിക്രമം പ്രഖ്യാപിച്ചപ്പാള്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം ഒഴിവാക്കിയതിനെതിരെ വന്‍തോതില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന മന്ത്രി ഗുജറാത്തില്‍ മഹാറാലി നടത്തുന്നത്.
ഞായറാഴ്ച്ച ട്വിറ്ററില്‍ ദശാബ്ദങ്ങളായി ബിജെപിയെ പിന്തുണയ്ക്കുന്നതിന് നരേന്ദ്ര മോഡി ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ചിരുന്നു. ഗുജറാത്തിലെ ജനങ്ങളുടെ സ്വപ്‌നം സര്‍ക്കാര്‍ നിറവേറ്റുമെന്നും ട്വിറ്ററിലൂടെ നരേന്ദ്ര മോഡി അറിയിച്ചു. ഗുജറാത്ത് ഗൗരവ് മഹാസമ്മേളനം എന്ന പേരിട്ട സമ്മേളനത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

ഗാന്ധി നഗറിന് സമീപമുള്ള ബാട്ട് ഗ്രാമമാണ് സമ്മേളനത്തിന് വേദിയാകുക. ഭരണസ്വാധീനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നടപടിക്രമങ്ങളാണ് ബിജെപി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

സാധാരണ ആറുമാസത്തിനുള്ളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് പ്രഖ്യാപിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യാറ്. ഇരുസംസ്ഥാനങ്ങളുടെയും നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച്ചയുടെ വ്യത്യാസം മാത്രം നിലനില്‍ക്കെ ഹിമാചല്‍ വോട്ടെടുപ്പ് തീയ്യതി മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യിപിച്ചത്.

© 2024 Live Kerala News. All Rights Reserved.