ചാലക്കുടി രാജീവ് വധക്കേസ്: അഡ്വക്കേറ്റ് സി പി ഉദയഭാനു ഏഴാം പ്രതി; ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസ് സി പി ഉദയഭാനു ഏഴാം പ്രതിയെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. കേസിലെ ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴ് പ്രാവശ്യം ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാനുള്ള അനുമതിയാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്. അതേസമയം ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

രാജീവിന്റെ അങ്കമാലിയിലുള്ള വീട്ടില്‍ ഉദയഭാനു നിരവധി തവണ സന്ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങലാണ് പൊലീസിന് ലഭിച്ചത്. വസ്തു ഇടപാട് തുടങ്ങിയതു മുതല്‍ രാജീവും ഉദയഭാനുവും നല്ല സുഹൃത്തുക്കളായി മാറിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. വസ്തു ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.

© 2024 Live Kerala News. All Rights Reserved.