നോട്ടു നിരോധനത്തിന്റെ ഫലം ഉത്തര്‍ പ്രദേശ് ഇലക്ഷനില്‍ പ്രതിഫലിച്ചു; ജിഎസ്ടിയുടെ ഫലം ഗുജറാത്തില്‍ അറിയാമെന്ന് അരുണ്‍ ജെയിറ്റ്‌ലി

നവംബര്‍ എട്ടിന് രാജ്യത്ത് നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവായിരുന്നു ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി. നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഎസ്ടിയുടെ പ്രതിഫലനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലെ വാഷിംഗ്ടണില്‍ വെച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെയ്റ്റ്ലിയുടെ ഇക്കാര്യം വ്യക്തമാക്കിയത്.
നോട്ട് അസാധുവാക്കലിനേയും ജിഎസ്ടി നടപ്പിലാക്കുന്നതിനേയും കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആര്‍ക്കൊപ്പമാണ് ജനങ്ങള്‍ എന്ന് വ്യക്തമാകും.
കള്ളപ്പണം നിറയുന്ന ഒരു സമാന്തര വിപണിയും ഇന്ത്യയിലുണ്ടായിരുന്നു. ഇതാണ് നോട്ട് അസാധുവാക്കലിലൂടെ ഇല്ലാതെയാക്കിയത്. കോണ്‍ഗ്രസാണ് ഒരു സമയത്ത് ജിഎസ്ടിക്ക് വേണ്ടി മുറവിളി ഉയര്‍ത്തിയിരുന്നത്.

എന്നാല്‍ അവരിപ്പോള്‍ നിലപാട് മാറ്റുകയാണ്. കോണ്‍ഗ്രസിന്റെ എല്ലാ ധനകാര്യ മന്ത്രിമാരും ജിഎസ്ടിയെ പിന്തുണച്ചു. ജിഎസ്ടിക്കെതിരെ നിലപാടെടുക്കുന്നത് കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയമാണെന്നും ജെയ്റ്റ്ലി ആരോപിച്ചു.

© 2022 Live Kerala News. All Rights Reserved.