പിണറായി സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഭരണപരാജയം പ്രതിപക്ഷത്തിന്റെ വീഴ്ചയല്ല. ഭരണം പരാജയമാണെന്ന് കരുതി പ്രതിപക്ഷത്തിന് കയറി ഭരിക്കാനാവില്ലല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം ശക്തമായി സമരം ചെയ്യുന്നുണ്ടെന്നും എല്ലാ സമരവും ഒറ്റ ദിവസം കൊണ്ട് വിജയിക്കില്ലല്ലോയെന്നും ചെന്നിത്തല പറഞ്ഞു.
സോളാര്‍ വിവാദത്തിലെ സര്‍ക്കാര്‍ നടപടി ബിജെപിയെ സഹായിക്കാനാണെന്നും സിപിഐഎം- ബിജെപി അവിഹത ബന്ധം വ്യക്തമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ യുഡിഎഫിനെ ദുര്‍ബലമാക്കി ബിജെപിയെ വളര്‍ത്താനാണ് ശ്രമം. കേരളത്തില്‍ റോഡ് നന്നാവണമെങ്കില്‍ അമിത് ഷാ വരേണ്ട സ്ഥിതിയാണെന്ന് പയ്യന്നൂരില്‍ അമിത് ഷാ വന്നപ്പോള്‍ റോഡ് നന്നാക്കി നല്‍കിയത് ചൂണ്ടികാണിച്ച് ചെന്നിത്തല പറഞ്ഞു. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തുവെന്നും ആക്ഷേപം ഉന്നയിച്ചു.
കായൽ കയ്യേറിയെന്നു മന്ത്രിക്കെതിരെ കളക്ടർ റിപ്പോർട്ട് കൊടുത്തപ്പോള്‍ കളക്ടര്‍ക്ക് തെറ്റുപറ്റിയെന്നാണ് ആരോപണവിധേയനായ മന്ത്രി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. റിപ്പോർട്ട് എങ്ങനെ വേണമെന്നു പ്രതി തന്നെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുന്ന അവസ്ഥയാണ്. കേരള ഭരണം പിണറായി വിജയന്റെ വൺ മാൻ ഷോ ആണെന്നും വിജിലൻസിന്റെ പ്രവർത്തനം മരവിച്ചുവെന്നും എല്ലാ വകുപ്പുകളും സ്തംഭിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.
ടിപി കേസിൽ ഒത്തുതീർപ്പുണ്ടാക്കിയെന്നു വി.ടി.ബൽറാം എംഎൽഎ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വിശദീകരിക്കാനും അദ്ദേഹം മറന്നില്ല.