സോളാര്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനൊരുങ്ങി ബിജെപി

സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ദേശീയതലത്തില്‍ പ്രചരണ ആയുധമാക്കാനൊരുങ്ങി ബിജെപി. കേരളത്തില്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധി മോഡിക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ പിടിച്ചുകെട്ടാന്‍ കേരളത്തിലെ വിഷയം ധാരാളമെന്നാണ് ബിജെപി കരുതുന്നത്. കേസില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രവിശങ്കര്‍ ഉയര്‍ത്തിയത്. സോളാര്‍ അഴിമതിയില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കെ സി വേണുഗാപാലിനെതിരെയും ദേശീയ തലത്തില്‍ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികാരോപണ വിധേയനായ എം.പിയും പാര്‍ട്ടി കര്‍ണാടക ഘടകത്തിന്റെ ചുമതലക്കാരനുമായ കെ സി വേണുഗോപാലിന് സദാചാരത്തെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്ന വാദമുന്നയിച്ച് കര്‍ണാടകയിലെ ബിജെപി നേതാക്കളും രംഗത്തെത്തി.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാത്രമല്ല, സിപിഐഎം നേതാക്കള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യവും അന്വേഷണത്തില്‍ പരിശോധിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ നിലപാട്. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സിപിഎമ്മും യുഡിഎഫും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് തുറന്നു പറയണമെന്നും വിവിധ മാനങ്ങളുള്ള സോളാര്‍ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നുമായിരുന്നു കുമ്മനത്തിന്റെ അഭിപ്രായം.

© 2022 Live Kerala News. All Rights Reserved.