ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു; സ്ത്രീകള്‍ക്കുളള നിയന്ത്രണം ലിംഗ വിവേചനമാണോയെന്ന് പരിശോധിക്കും

ശബരിമലയിലേക്ക് ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. സ്ത്രീകള്‍ക്കുളള നിയന്ത്രണം ലിംഗ വിവേചനമാണോയെന്ന് പരിശോധിക്കും. ക്ഷേത്രപ്രവേശന നിയമങ്ങളുടെ ഭരണഘടനാ സാധുതയും ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് തീരുമാനം.
ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ നേരത്തേ തന്നെ വിവിധ സന്നദ്ധ സംഘടനകള്‍,ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി ഹര്‍ജി പരിഗണിക്കവെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിച്ച് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടത്‌

© 2024 Live Kerala News. All Rights Reserved.