എന്‍ഡോസള്‍ഫാന്‍: അമ്മ വേദനകൊണ്ട് പിടയുന്നത് സഹിക്കാനാകാതെ പതിനേഴുകാരന്‍ ജീവനൊടുക്കി

എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ രോഗത്തിനടിമപ്പെട്ട അമ്മയുടെ വേദന കാണാന്‍ സഹിക്കാതെ മകന്‍ ടവറിനു മുകളില്‍ നിന്നു ചാടി ജീവനൊടുക്കി. കാസര്‍ഗോഡ് ബദിയുടുക്കയില്‍ വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലാണ് സംഭവം. അമ്മയുടെ ദുരിതം കാരണം പത്താം ക്ലാസ് കഴിഞ്ഞ പഠനം പോലും ഉപേക്ഷിച്ച മനോജെന്ന പതിനേഴുകാരന്‍ ബുധനാഴ്ച്ച അര്‍ധ രാത്രിയിലാണ് ജീവനൊടുക്കിയത്.
ബുധനാഴ്ച്ച രാത്രി രോഗം മൂര്‍ച്ഛിച്ച് അമ്മ വേദനകൊണ്ട് പുളയുന്നത് കണ്ട മനോജ് കരഞ്ഞ് കൊണ്ട് പുറത്തേക്കോടുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ പുറകുവശത്തുള്ള 110 അടി ഉയരത്തിലുള്ള ടവറിന്റെ പകുതിയോളം കയറി താഴേക്ക് ചാടി. തൊട്ടടുത്തുണ്ടായിരുന്ന വൈദ്യുതപോസ്റ്റില്‍ ഇടിച്ച മനോജിന്റെ തല പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
എന്‍ഡോസള്‍ഫാന്റെ അന്തരഫലമായി 15 വര്‍ഷമായി അമ്മ ലീല, കൈകാല്‍ ചലിപ്പിക്കാനാകാതെ പൂര്‍ണ കിടപ്പിലാണ്. രക്ത സമ്മര്‍ദം കൂടുമ്പോള്‍ ഇടക്കിടെ അബോധാവസ്ഥയിലാകുന്നതും വേദനകൊണ്ട് പിടയുന്നതും കൊണ്ട് അമ്മയെ പരിചരിക്കാനായി മനോജ് പ്ലസ് വണിന് അലോട്ട്‌മെന്റ് ലഭിച്ചെങ്കിലും തുടര്‍ന്ന് പഠിക്കാന്‍ പോയിരുന്നില്ല. മൂന്ന് സഹോദരിമാരും അച്ഛനും അമ്മയും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം.
അതേസമയം, എന്‍ഡോസള്‍ഫാന്‍ കൂടനാശിനി പ്രയോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കാസര്‍ഗോട്ടെ 11 പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന സ്‌പെഷ്യല്‍ പാക്കേജ് അധികൃതര്‍ ഒരു കാരണവും കൂടാതെ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. 2010 ഡിസംബറില്‍ ആരംഭിച്ച സ്‌പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ദുരിത ബാധിതരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവര ശേഖരണം, രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കല്‍ തുടങ്ങിയ ചുമതലകള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിരുന്നു. എന്നാല്‍ ഈ പാക്കേജ് അധികൃതര്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണ്.

ദേശീയ ആരോഗ്യ മിഷന്‍ നിയോഗിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ട്. കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച 26 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്‍ 13 പേരെയാണ് ഒഴിവാക്കിയത്. ബാക്കിയുള്ള 13 പേര്‍ പിരിച്ചുവിടലിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനെ സമീപിച്ചതിനെ തുടര്‍ന്ന് കാലാവധി താല്‍ക്കാലികമായി നീട്ടുകയായിരുന്നു.
ഇവരോടൊപ്പം നിയമിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെ നേരത്തെതന്നെ പിന്‍വലിച്ചിരുന്നു. പാക്കേജില്‍ നിയമിച്ച രണ്ട് സ്റ്റാഫ് നഴ്‌സുമാരില്‍ ഒരാളെയും ഒഴിവാക്കിയിട്ടുണ്ട്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ച് നടപ്പിലാക്കിയ പാക്കേജാണ് ലക്ഷ്യത്തിലെത്താതെ പിന്‍വലിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.