റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് മാനുഷിക പരിഗണന വേണമെന്ന് സുപ്രീം കോടതി; ‘അന്തിമ വിധി വരുന്നത് വരെ മടക്കി അയക്കരുത്; സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന നടിക്കാനാകില്ല’

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് നവംബര്‍ 21 ലേക്ക് മാറ്റി. അതുവരെ റോഹിങ്ക്യന്‍ മുസ്ലീങ്ങളെ നാടുകടത്തരുതെന്നും സുപ്രീം കോടതി. അടിയന്തിര സാഹചര്യമുണ്ടായാല്‍ ഇവര്‍ക്ക് കോടതിയെ സമീപിക്കാം. നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റോഹിങ്ക്യകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കേള്‍ക്കുന്നത്. വൈകാരികമായ പരാമര്‍ശങ്ങളല്ല നിയമം മുന്‍നിര്‍ത്തിയാണു വാദിക്കേണ്ടതെന്നു കോടതി മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. രാജ്യ രക്ഷ മുന്‍നിര്‍ത്തി രോഹിങ്ക്യകളെ ഒഴിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അഭയാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജീവന് സുരക്ഷിതത്വമില്ലാത്ത മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കാനുളള നീക്കം അഭയാര്‍ത്ഥികളുടെ മൗലികാവകാശങ്ങളുടെയും അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇന്ത്യന്‍ പൗരന്മാരല്ലാത്തതിനാല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ഇല്ലെന്നും അതിനാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.