സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിവരാവകാശവുമായി ഉമ്മന്‍ചാണ്ടി; ‘ആരോപണങ്ങളില്‍ നൂറില്‍ ഒന്നെങ്കിലും തെളിഞ്ഞാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കും’

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി രംഗത്ത്. വിവരാവകാശ നിയമപ്രകാരമാണ് ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് അദ്ദേഹം അപേക്ഷ നല്‍കുകയും ചെയ്തു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പും ഇപ്പോഴും തനിക്കൊരു ഭയവുമില്ല.
തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച് എന്തുപറയാനാണ്? രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കാം. സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ല. തനിക്കെതിരായി കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയവരെല്ലാം നിക്ഷിപ്ത താത്പര്യമുള്ളവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.