സരിതയുടെ കത്തില്‍ പേരുളളവര്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിനും കേസെടുക്കും; സോളാറില്‍ കുടുങ്ങി കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സരിതയുടെ വിവാദ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെയും അന്വേഷണം നടത്തും. സരിത എസ് നായരുടെ കത്തില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ബലാത്സംഗ കേസിലും അഴിമതി നിരോധന നിയമപ്രകാരവുമാണ് അന്വേഷണം നടത്തുക.
ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എന്നിവര്‍ക്ക് പുറമെ എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, പളനിമാണിക്യം(മുന്‍ കേന്ദ്രമന്ത്രി), എന്‍. സുബ്രഹ്മണ്യം( കെ.പി.സി.സി ജനറല്‍ സെക്രട്ടറി), ജോസ്. കെ.മാണി, ഐജി കെ പത്മകുമാര്‍ എന്നിവര്‍ക്കെതിരെ സരിതയുടെ കത്തില്‍ പരാമര്‍ശമുണ്ട്. അഴിമതി നിരോധന നിയമത്തിനു പുറമെ ലെെംഗീകാതിക്രമണം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തായിരിക്കും ഇവര്‍ക്കെതിരെ അന്വേഷണം നടത്തുക.
നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേസില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് പുറമെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ അന്വേഷണം നടത്തും. ഇത്തരത്തില്‍ രണ്ട് തരത്തിലുള്ള അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സരിത എസ് നായരില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുക. കൈക്കൂലി പണമായി വാങ്ങിയതിനു പുറമെ സരിത എസ് നായരെ ലൈംഗീകമായി ഉപയോഗിച്ചതും അഴിമതിയുടെ ഗണത്തില്‍ വരുന്ന കുറ്റമായി കൂട്ടും.

ഉമ്മന്‍ ചാണ്ടിയെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തുക. ആര്യാടന്‍ മുഹമ്മദ് നിയമവിരുദ്ധമായി സരിതയെയും ടീ സോളാറിനെയും സഹായിച്ചുവെന്നതാണ് ആര്യാടന്‍ മുഹമ്മദിനെതിരായ ആരോപണം. ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്ന് സരിതയുടെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.