എല്ലാ വിവാഹവും വിവാദമാക്കേണ്ടെന്ന് ഹൈക്കോടതി; തൃപ്പുണിത്തുറ യോഗ സെന്ററില്‍ പീഡനത്തിനിരയായ ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു

എല്ലാ വിവാഹങ്ങളും വിവാദമാക്കരുതെന്ന് ഹൈക്കോടതി. തൃപ്പുണിത്തുറ യോഗ സെന്ററിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം.
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ തടവിലാക്കിയ കണ്ണൂര്‍ മുണ്ടൂര്‍ സ്വദേശിനി ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയും ഭര്‍ത്താവ് ഹനീസ് നല്‍കിയ പരാതിയും പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.
ഘര്‍വാപ്പസി കേന്ദ്രത്തില്‍ പീഡനത്തിനിരയായ ശ്രുതിയെ ഭര്‍ത്താവ് ഹനീസിനൊപ്പം വിട്ടു. ലൗ ജിഹാദിന്റെ സൂചനകളൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി കണ്ടെത്തി. എല്ലാ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും വിവാദമാക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. തൃപ്പുണിത്തുറ യോഗ കേന്ദ്രത്തില്‍ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിത ഗര്‍ഭ പരിശോധനക്ക് വിധേയമാക്കുന്നതായും ശ്രുതി നേരത്തെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനെതിരെ കേസെടുത്തിരുന്നു.
ശ്രുതി തന്റൈ ഭാര്യയാണെന്നും പയ്യന്നൂര്‍ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ അന്യായ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ് ഹമീദ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. 2011-14 കാലഘട്ടത്തില്‍ ബിരുദ പഠനകാലത്ത് തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിച്ചതായും ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം. തങ്ങള്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി പൊലീസ് സഹായം അനുവദിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം ഹരിയാനയില്‍ താമസിച്ചു വരുമ്പോള്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് സി.ഐയുടെ നേതൃത്വത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്തുവെന്നും, മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നോടൊപ്പം പോകണമെന്നായിരുന്നു യുവതി പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. എന്നാല്‍, കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കോടതി തിരച്ചില്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ആരോപണ വിധേയനായ സി. ഐ തന്നെയാണ് തെരച്ചില്‍ നടത്തിയത്. കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ തടവില്‍ വെച്ചിരിക്കുകയാണ്. ഭക്ഷണം പോലും നിഷേധിച്ച് പീഡിപ്പിക്കുന്നു. ഇനിയും ഇതിന് അനുവദിച്ചാല്‍ തനിക്ക് ഭാര്യയെ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനീസ് ഹര്‍ജി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.