‘തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുത്; കേരളം എല്ലാവര്‍ക്കും സുരക്ഷിതമായ ഇടം, ഒരു ആക്രമണവും ഉണ്ടാവില്ല’; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി ഡിജിപി ബെഹ്‌റ

തിരുവനന്തപുരം: കേരളത്തിനെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് ഇതര സംസ്ഥാന തൊഴിലാളികളോട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിജി ബെഹ്‌റ വ്യക്തമാക്കി. കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാപക പ്രചരണത്തെ തുടര്‍ന്നാണ് ഡിജിപി മാധ്യമങ്ങളിലൂടെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് ഹിന്ദിയിലും ബംഗാളിയിലും കാര്യങ്ങള്‍ വിശദീകരിച്ചത്.

“കേരളം സുരക്ഷിതമായ നാടാണ്, ഒരാക്രമണവും ഇവിടെ ഉണ്ടാവില്ല. മറിച്ചുള്ള തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുത്.”
ലോക്‌നാഥ് ബെഹ്‌റ, പൊലീസ് മേധാവി

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഡിജിപി പറഞ്ഞു. കേരളത്തെ അപമാനിക്കാന്‍ നടക്കുന്ന കൂട്ടായ പ്രചരണമാണ് ഇതെന്നും അദ്ദഹം വിശദീകരിച്ചു.
നേരത്തെ മുഖ്യമന്ത്രിയും ഇത്തരം പ്രചാരണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണം.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നില്‍. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പിണറായി ഹിന്ദിയിലും ഫെയ്‌സ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.