‘ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുത്, ആഢംബര കോച്ചിലെ യാത്ര അത്രയങ്ങ് വേണ്ട’; റെയില്‍വേ ഉദ്യോഗസ്ഥരോട് മന്ത്രി പിയുഷ് ഗോയാല്‍

റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കാനുള്ള നടപടിയുമായി റെയില്‍വേ മന്ത്രാലയം. റെയില്‍വേ ജീവനക്കാരെ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടുജോലിക്കാരാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ നിര്‍ദേശിച്ചു.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും മറ്റ് അംഗങ്ങളും സോണല്‍ വിസിറ്റിനായി എത്തുമ്പോള്‍ ജനറല്‍ മാനേജര്‍ ഹാജരായിരിക്കണമെന്നുള്ള നിബന്ധനയും എടുത്തു കളഞ്ഞു. വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 1981 ല്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളാണ് അസാധുവാക്കിയത്. ഇതോടെ 36 വര്‍ഷമായി തുടരുന്ന പതിവുകള്‍ അവസാനിക്കും. സെപ്തംബര്‍ 28നാണ് വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.

ഉദ്യോഗസ്ഥര്‍ക്ക് ബൊക്കെകളും സമ്മാനങ്ങളും നല്‍കുന്ന പതിവ് അവസാനിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ ആഢംബരകോച്ചില്‍ യാത്ര ചെയ്യുന്നതും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പിയുഷ് ഗോയാല്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.