‘കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊല്ലാന്‍ മുഖ്യമന്ത്രി ഉത്തരവിടുന്നു’; പിണറായിയെ കടന്നാക്രമിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ ആക്രമണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കൊല്ലാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയാണെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി സംസ്ഥാനത്ത് വളരുന്നത് തടയാന്‍ വേണ്ടിയും ഭയപ്പെടുത്താനും കൊലകള്‍ നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. സിപിഐ(എം) കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ ജനരക്ഷായാത്രയ്ക്കിടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
കേരളത്തില്‍ സിപിഐ(എം) സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ 120 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ക്രൂരമായാണ് അവരെ കൊലപ്പെടുത്തിയത്. ഒരാളെ ഒരു വെടിയുണ്ട കൊണ്ട് കൊല്ലാമെന്നിരിക്കേ എന്തിനാണ് ബിജെപി പ്രവര്‍ത്തകരെ വെട്ടിനുറുക്കുന്നത്?
അമിത് ഷാ

ഇടത് പാര്‍ട്ടികള്‍ എത്രത്തോളം ആക്രമരാഷ്ട്രീയം നടത്തുന്നോ അത്രയും താമരകള്‍ വിരിയും. പ്രവര്‍ത്തകരുടെ കൊലപാതകം ഇനിയും സഹിക്കാനാകില്ല. അക്രമത്തെ അക്രമം കൊണ്ട് നേരിടില്ലെങ്കിലും ഇതിനേക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊല്ലുമ്പോള്‍ ഒരു അറസ്റ്റുപോലും നടക്കുന്നില്ല. എല്ലാ കൊലപാതകങ്ങളും നടക്കുന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിന് അനുസരിച്ചാണ്. കമ്മ്യൂണിസം ലോകത്തും കോണ്‍ഗ്രസ് ഇന്ത്യയിലും അവസാനിച്ചെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.