കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയായ പാലക്കാട്ട് പത്ത് ബിജെപി കൗണ്‍സിലര്‍മാക്കെതിരേ പാര്‍ട്ടിതല അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ഇവര്‍ക്കെതിരേ അന്വേഷണം നടക്കുന്നത്.
തൊണ്ണൂറുകളില്‍ ആരംഭിച്ച വിവാദമായ മഞ്ഞക്കുളം ലോറി സ്റ്റാന്‍ഡ് മുതല്‍ അടുത്തിടെ വിവാദമായ പല ഇടപാടുകളും അന്വേഷണപരിധിയില്‍ വരും. മഞ്ഞക്കുളം ലോറി സ്റ്റാന്‍ഡ് നിര്‍മാണത്തിലെ അപാകതകള്‍ പല മുതിര്‍ന്ന നേതാക്കളും ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴെല്ലാം അതില്‍ മൗനം പാലിക്കുകയാണ് അന്നുമുതലുള്ള നേതൃത്വം ചെയ്തുവരുന്നതെന്ന് ആരോപണമുണ്ട്.
പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്കു പുറമേ ബിജെപി സംസ്ഥാന ജില്ലാ നേതാക്കള്‍ക്കുമെതിരെ അന്വേഷണം ഉണ്ടായേക്കും. പാലക്കാട് നഗരസഭയിലെ ഒരു കൗണ്‍സിലര്‍ക്ക് കേരളത്തിനകത്തുമാത്രം ശതകോടികളുടെ ആസ്തിയുള്ളതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണത്രെ അന്വേഷണം നടത്തുന്നത്. 2018 ജനുവരി ഒന്നിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ നിര്‍ദേശമെന്നാണറിവ്. ഇത്തരമൊരന്വേഷണത്തെക്കുറിച്ച് കൗണ്‍സിലര്‍മാര്‍ക്ക് യാതൊരു അറിവും ഇല്ല എന്നും പറയപ്പെടുന്നുണ്ട്. അഴിമതിമുക്തവും സുതാര്യവുമായ ഒരു നേതൃനിരയാണ് ആവശ്യമെന്നതിനാല്‍ ശക്തമായ നടപടികള്‍ ഇവര്‍ നേരിടേണ്ടിവരുമെന്നാണ് നിഗമനം.
കേരളത്തിലെ പല മുന്‍നിര നേതാക്കള്‍ക്കെതിരേയും ദേശീയ നേതൃത്വം അന്വേഷണം നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചത് കേന്ദ്രനേതൃത്വത്തിന്റെ അറിവില്‍പ്പെട്ടതോടെയാണ് ഈ അന്വേഷണം. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ നടത്തിയ അഴിമതികള്‍ അന്വേഷണ പരിധിയില്‍വരും.