കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; വി എസിനെതിരേ ആരോപണവുമായി മുന്‍ പി എ സുരേഷ്

വിഎസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുന്‍ പിഎ രംഗത്ത്. പാര്‍ട്ടി പുനഃപ്രവേശനം സംബന്ധിച്ച് വിഎസ് അച്യുതാനന്ദന്‍ തനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ പ്രസ് സെക്രട്ടറി സുരേഷ്. താന്‍ ആവശ്യപ്പെടാതെ തന്നെ വി എസ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതായിരുന്നു. കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.
ഭൂര്‍ഷ്വാ പാര്‍ട്ടിയില്‍ നിന്നെത്തിയ ഒ കെ വാസുവിനെയടക്കം പാര്‍ട്ടിയിലെടുത്തപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രത്യാശാസ്ത്രങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത താനടക്കമുള്ളവരെ മാറ്റിനിര്‍ത്തപ്പെടുന്നതില്‍ വിഷമമുണ്ടെന്ന് സുരേഷ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്നും പുറത്തായ ശേഷം ഫുജേറയില്‍ ജോലി തേടിപ്പോയ സുരേഷ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സിതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാര്‍ട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് 2013 മെയ് 14നാണ് സുരേഷ്, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പ്രതിപക്ഷ നേതാവിന്റെ ചിറകരിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോളിറ്റ്ബ്യൂറോയുടെ നടപടി.
പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ 2002ലാണ് സുരേഷ് വി.എസിന്റെ പി.എ.യാകുന്നത്. നേരത്തെ എസ്.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നശേഷമാണ് സുരേഷ് പാര്‍ട്ടി പുന:പ്രവേശത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്. ,സമ്മേളന കാലത്ത് സുരേഷിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകും.

© 2022 Live Kerala News. All Rights Reserved.