നടിയെ ആക്രമിച്ച കേസ്: റിമി ടോമി രഹസ്യമൊഴി നല്‍കി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമി രഹസ്യമൊഴി നല്‍കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമി മൊഴി നല്‍കിയത്. നേരത്തേ ഈ ആവശ്യമുന്നയിച്ച് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 164-ാം വകുപ്പ് പ്രകാരം റിമി ടോമി ഉള്‍പ്പെടെയുള്ള നാല് സിനിമാപ്രവര്‍ത്തകപുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ.
ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയുടെ തുടര്‍ച്ചയായി നടന്ന വാദത്തിലും ഇക്കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന്റെ രണ്ടാംദിനമാണ് റിമി രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ അന്വേഷണസംഘം നേരത്തേ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജൂലൈ 27നായിരുന്നു ഇത്. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളെ അഭിമുഖീകരിച്ച റിമി ടോമി തനിക്ക് ദിലീപുമായോ കാവ്യ മാധവനുമായോ സാമ്പത്തിക ഇടപാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ദിലീപിനൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോയെപ്പറ്റി അറിയാനാണ് പൊലീസ് ബന്ധപ്പെട്ടതെന്നും വിശദീകരിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.