സോളാര്‍ കേസില്‍ നിയമോപദേശം തേടിയതായി മുഖ്യമന്ത്രി; എജിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എജിയുടെ നിയമോപദേശം കിട്ടിയതിനു ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതായി മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.
സോളാര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നാല് ഭാഗങ്ങളിലായാണ് ജസ്റ്റിസ് ബി ശിവരാജന്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഒരു ഭാഗം ഉമ്മന്‍ ചാണ്ടിയെ കുറിച്ചാണ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനമുണ്ട്.

ഉമ്മന്‍ചാണ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നയിടത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് ഓഫീസുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പിന് വിവിധ ആളുകളെ സമീപിച്ചത്. തട്ടിപ്പിന് ഇത്രയധികം വ്യാപ്തിയുണ്ടായത് ഇതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് പൂര്‍ണമായ വിവരങ്ങള്‍ കണ്ടെടുക്കാനായില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

© 2022 Live Kerala News. All Rights Reserved.