കേരളത്തിലെ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യോഗി ആദിത്യനാഥ് ; ‘ഡെങ്കിയും ചിക്കന്‍ ഗുനിയയും കാരണം ആളുകള്‍ മരിക്കുന്ന കേരളം യുപിയെ കണ്ടു പഠിക്കണം’

കേരളത്തിലെ ലൗ ജിഹാദ് വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇത് സംബന്ധിച്ച കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നത് ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ലൗ ജിഹാദ് നടക്കുന്നുണ്ടോ എന്ന സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും യോഗി ആവശ്യപ്പെട്ടു. ബിജെപിയുടെ കേരള രക്ഷാ യാത്രയ്ക്കായി കണ്ണൂരിലെത്തിയ യോഗി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും മൂലം നൂറുകണക്കിന് ആളുകള്‍ മരിക്കുന്ന കേരളം ഉത്തര്‍പ്രദേശിനെ കണ്ടു പഠിക്കണമെന്നും യോഗി പറഞ്ഞു. പ്രാണവായു കിട്ടാതെ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഐഎം കേരളത്തിലെ ആശുപത്രികള്‍ കണ്ടു പഠിക്കാന്‍ യോഗിയെ വെല്ലുവിളിച്ചിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള രക്ഷായാത്രയുടെ രണ്ടാം ദിന പരിപാടികള്‍ക്കായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കേരളത്തിലെത്തിയത്. കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുളള പദയാത്രയിലൂടെ അദ്ദേഹം കാല്‍നട ജാഥയില്‍ പങ്കാളിയായി. വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ യോഗി ആദിത്യനാഥ് പ്രസംഗിക്കും.

© 2022 Live Kerala News. All Rights Reserved.