ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരെ തിരിച്ചറിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“കുറ്റവാളികളെ തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. ഞങ്ങള്‍ക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ട്, എന്നാല്‍ അത് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധിക്കില്ല”
രാമലിംഗ റെഡ്ഡി, കര്‍ണാടക ആഭ്യന്തര മന്ത്രി

സെപ്തംബര്‍ അഞ്ചിനാണ് ജോലി കഴിഞ്ഞെത്തിയ ഗൗരി ലങ്കേഷ് വീട്ടില്‍ വെടിയേറ്റു മരിച്ചത്. സംഘപരിവാറിനെതിരെ നിരന്തരം ശബ്ദിച്ചിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം ദേശീയതലത്തില്‍ തന്നെ വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഇതേത്തുടര്‍ന്ന് കൊലപാതകത്തെ ക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ബി കെ സിംഗാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍.
നേരത്തെ കൊലപാതകിയെക്കുറിച്ച് വിവരം കൊടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഗൗരിയുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന ആരോപണവുമായി ഗൗരിയുടെ ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.
തെളിവുകളെല്ലാം ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടൂവെന്ന് പ്രത്യേക അന്വേഷണ സംഘവും അറിയിച്ചു. ഈമാസം അഞ്ചിന് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരുമാസം പൂര്‍ത്തിയാകുകയാണ്. ഗൗരി ലങ്കേഷ് പത്രികയുടെ പത്രാധിപയായിരുന്ന ഗൗരി തന്റെ വീടിന് പുറത്തുവച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ട രണ്ടംഗ അക്രമി സംഘം നാല് റൗണ്ട് ആണ് ഗൗരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

© 2024 Live Kerala News. All Rights Reserved.