ദിലീപിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ച്ചകൊണ്ടല്ലെന്ന് റൂറല്‍ എസ്പി; ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് ഡിജിപി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് കേസില്‍ പൊലീസിന് വീഴ്ച്ചപറ്റിയത് കൊണ്ടല്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും റൂറല്‍ എസ്പി അറിയിച്ചു. അതേസമയം കോടതിയുടെ നടപടിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി 85 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് ദിലീപ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോടതി ജാമ്യം അനുവദിച്ച വിവരം ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ അറിയിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ടായും രണ്ടു പേരുടെ ആള്‍ജാമ്യവും നല്‍കണം. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്. ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്.

ജൂലൈ 10ന് ആണ് ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അഞ്ചാം തവണ നല്‍കിയ ജാമ്യാപേക്ഷയിലാണ് ദിലീപിന് കോടതി ജാമ്യാം അനുവദിച്ചത്. ഫെബ്രുവരി 17-നാണ് സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. അങ്കമാലി അത്താണിക്കു സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഡ്രൈവറായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍, ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ദിലീപാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

© 2022 Live Kerala News. All Rights Reserved.