കൊല്ലത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ കുടുബത്തെ നാടുകടത്തി; അമ്മക്ക് മൃതദേഹം കാണാനും അനുമതിയില്ല; നാട്ടുകാരുടെ വിചാരണ പൊലീസ് നോക്കി നില്‍ക്കെ

കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് നാട്ടുകാരുടെ ക്രൂരത. അമ്മയുടെ സഹോദരീ ഭര്‍ത്താവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏഴു വയസുകാരിയുടെ അമ്മയെ മൃതദേഹം കാണാന്‍ പോലും നാട്ടുകാര്‍ അനുവദിച്ചില്ല. പൊലീസ് നോക്കി നില്‍ക്കെ ഇവരെ നാട്ടുകാര്‍ നാടുകടത്തി. ദുര്‍നടപ്പുകാരെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ സദാചാര പൊലീസ് ചമയല്‍. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. ഇവരോടൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളെയും പൊലീസ് നോക്കി നില്‍ക്കെ ഓടിച്ചുവെന്നും പരാതിയുണ്ട്.
കുഞ്ഞിനെ കാണാന്‍ പോലും നാട്ടുകാര്‍ അനുവദിച്ചില്ലെന്നും വീട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കുട്ടിയുടെ അച്ഛന്‍റെ മുഖത്ത് നാട്ടുകാര്‍ അടിച്ചുവെന്നും കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു. കുഞ്ഞ് നഷ്ട്ടപ്പെട്ട് അഞ്ച് ദിവസം പിന്നിടുമ്പോള്‍ കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടത്താനോ സ്വന്തം വീട്ടില്‍ നില്‍ക്കാനോ കഴിയാത്ത അവസ്ഥയാണ് തങ്ങള്‍ക്കെന്നും അവര്‍ പറഞ്ഞു.

സെപ്തംബര്‍ 28നാണ് ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുഞ്ഞിനെ കാണാതായത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.

© 2022 Live Kerala News. All Rights Reserved.