ശമ്പള വര്‍ധന നടപ്പായില്ല; വീണ്ടും സമരത്തിനൊരുങ്ങി നഴ്‌സുമാര്‍

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഒത്തുതീര്‍പ്പുണ്ടാക്കി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടാത്തതിന് പുറകെ സമരം ചെയ്ത നഴ്‌സുമാരോട് തരം താഴ്ത്തല്‍ ഉള്‍പ്പെടെയുളള പ്രതികാര നടപടി മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നതായും പരാതിയുണ്ട്.
ഇതിനെതിരെ സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടന. കഴിഞ്ഞ ജൂലൈ 20നാണ് നഴ്‌സുമാര്‍ നടത്തിയ സമരം മുഖ്യമന്ത്രി ഇടപെട്ട് ഒത്തുതീര്‍പ്പായത്. ശമ്പളം കൂട്ടാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ച നഴ്‌സുമാര്‍ക്ക് ഇതുവരെയും ശമ്പളം കൂട്ടാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ല.
ശമ്പള വര്‍ധന തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങളും യൂണിയന്‍ ഭാരവാഹികളും അംഗമായ സമിതിയില്‍ ധാരണ പ്രകാരമുളള വര്‍ധനവിനെ എതിര്‍ക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഐആര്‍സിയും മിനിമം വേജസ് ബോര്‍ഡും അംഗീരിച്ചാല്‍ മാത്രമേ ശമ്പളം പരിഷ്‌കരിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങൂ. സമിതി ഇതുവരെ ഒരു വട്ടം മാത്രമേ യോഗം ചേര്‍ന്നിട്ടുള്ളൂ. ശമ്പളം കൂട്ടിയാല്‍ ചികിത്സാ ചെലവ് ഉള്‍പ്പെടെ കൂടുമെന്നാണ് മാനേജ്‌മെന്റ് വാദം.

© 2022 Live Kerala News. All Rights Reserved.