ലാസ് വെഗാസ് വെടിവെയ്പ്പ്: 20 പേര്‍ കൊല്ലപ്പെട്ടു; 24 പേര്‍ക്ക് ഗുരുതര പരുക്ക്; അക്രമിയെ വധിച്ചതായി അമേരിക്കന്‍ പൊലീസ്

അമേരിക്കയിലെ ലാസ്‌ വെഗാസില്‍ ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 100 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ 24 പേരുടെ നില ഗുരുതരമാണ്. വെടിയുതിര്‍ത്തയാളെ വധിച്ചതായി പൊലീസ് അറിയിച്ചു. അക്രമിക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കായ് തിരച്ചില്‍ തുടരുകയാണ്.
ലാസ്‌ വെഗാസിലെ മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തിലെ സംഗീത പരിപാടിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭീകരാക്രമണമെന്നതിന് സൂചകളില്ലെന്നും പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ക്ലബ്ബ് ഒഴിപ്പിച്ചു. വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സംഭവ സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.

ക്ലബ്ബ് പൊലീസിന്റെ നിയന്ത്രണത്തിലാണ്. കാസിനോയുടെ 32-ാം നിലയില്‍ റൂട്ട് 91 ഹാര്‍വെസ്റ്റ് സംഗീത നിശയുടെ അവസാന ദിവസമായിരുന്നു വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി കലാകാരന്മാര്‍ പരിപാടി അവതരിപ്പിക്കുന്നതിനായി എത്തിയിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ ഹോട്ടലിനു പുറത്തേക്കോടുന്ന വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രണ്ടു പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമികള്‍ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

© 2024 Live Kerala News. All Rights Reserved.