ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല; ഒരു മന്ത്രിയെ എങ്കിലും അയക്കാമായിരുന്നുവെന്ന് ചെന്നിത്തല

യെമനില്‍ ഭീകരരുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഇന്ന് വൈകിട്ട് ജന്മനാടായ രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണവും നല്‍കും. പ്രാര്‍ത്ഥനയോടെയുളള ഒന്നരവര്‍ഷത്തെ ബന്ധുക്കളുടെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹമിന്ന് ജന്മനാട്ടിലേക്ക് എത്തുന്നതും. നേരത്തെ അമ്മയുടെ വിയോഗ വേളയിലാണ് അവസാനം ഫാ. ടോം നാട്ടിലും വീട്ടിലും എത്തി മടങ്ങിയത്.
ബന്ദിയാക്കപ്പെട്ട കാലത്ത് അദ്ദേഹത്തിന്റെ കുടുംബം പ്രാര്‍ത്ഥനകളില്‍ മുഴുകുകയായിരുന്നു. അതേസമയം നെടുമ്പാശേരിയില്‍ എത്തിയ ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരും എത്തിയിരുന്നില്ല. പ്രതിപക്ഷ നേതാക്കളും വൈദികരും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

സര്‍ക്കാരിന്റെ പ്രതിനിധികള്‍ എത്താത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. ഒരു മന്ത്രിയെ എങ്കിലും ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ അയക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അല്‍പ്പം കൂടി ഗൗരവം കാണിക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.