കോണ്‍ഗ്രസ് വിട്ട റാണെയെ ഒപ്പംകൂട്ടാന്‍ മഹാരാഷ്ട്രയില്‍ ബിജെപി: ലക്ഷ്യം ശിവസേനക്ക് കടിഞ്ഞാണിടല്‍

മുംബൈ: കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്രയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മുതിര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് നാരായണന്‍ റാണെ ബിജെപിയുമായി സഖ്യത്തിന് സാധ്യത. ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി തിങ്കളാഴ്ച്ച നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സഖ്യത്തിനുള്ള അന്തിമ തീരുമാനം പുറത്ത് വിടുന്നത്.
നിലവില്‍ സംസ്ഥാനത്ത് സ്വാധീനവും തങ്ങളുമായി ഇടഞ്ഞും നില്‍ക്കുന്ന ശിവസേനയെ പിടിച്ചുകെട്ടാനുള്ള ബിജെപിയുടെ തന്ത്രമായാണ് റാണെയുമായുള്ള സഖ്യത്തെ കാണുന്നത്. ഞായറാഴ്ച പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന റാണെയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രി സഭയിലേക്ക് ക്ഷണിക്കുമെന്നാണ് സൂചന. റാണെയുമായുള്ള സഖ്യം സാധ്യമാണെങ്കില്‍ നിലവില്‍ മുന്നണി വിടാനൊരുങ്ങുന്ന ശിവസേനക്ക് മറുപടിയായും ബന്ധത്തെ ബിജെപി കാണുന്നുണ്ട്.
തന്നെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി റാണെ കഴിഞ്ഞ ആഴ്ച്ചയാണ് കോണ്‍ഗ്രസ് വിട്ടത്. റാണെയോടൊപ്പം മകനും മുന്‍ എംപിയുമായ നിലേഷ് റാണെയും കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്. എംഎല്‍എയും മറ്റൊരു മകനുമായ നിതേഷ് റാണെ ഉടനെ കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന. കൊങ്കണ്‍ മേഖലയില്‍ സ്വാധീനമുള്ള റാണെയും കൂട്ടരുമായുള്ള സഖ്യത്തെ ബി.ജെ.പി പ്രതീക്ഷയോടെയാണ് കാണുന്നത്.
1999 ല്‍ മനോഹര്‍ ജോഷിക്ക് പകരം റാണെയെ മുഖ്യമന്ത്രിയാക്കിയ ബാല്‍താക്കറെ മകനായ ഉദ്ധവ് താക്കറെക്ക് ശിവസേനയില്‍ കിട്ടുന്ന സ്വാധീനത്തെ ചോദ്യം ചെയ്തതിനാല്‍ റാണെയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ 2015ല്‍ കോണ്‍ഗ്രസിലേക്കെത്തിയ റാണെക്ക് പിറ്റേ ദിവസം റവന്യൂമന്ത്രി സ്ഥാനം കൊടുത്ത് ബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തത്.

© 2022 Live Kerala News. All Rights Reserved.