രാജീവിനെതിരെ അഡ്വ. ഉദയഭാനു വധഭീഷണി മുഴക്കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍; റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം വഴിത്തിരിവിലേക്ക്

ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് അഭിഭാഷകന്‍ സിപി ഉദയഭാനുവില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെന്ന് സുഹൃത്തുക്കള്‍. എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ നെടുമ്പാശ്ശേരി പൊലീസിനെ സമീപിക്കാമെന്ന് ഹൈക്കോടതി രാജീവിന് നിര്‍ദേശം നല്‍കിയിരുന്നു. ഉദയഭാനുവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
പാലക്കാട് ജില്ലയിലെ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് രാജീവും സിപി ഉദയഭാനുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. ഭൂമി വില്‍പ്പനയ്ക്ക് കരാര്‍ എഴുതിയിരുന്നെങ്കിലും പിന്നീട് യഥാര്‍ത്ഥ്യമായില്ല. ഇതിന്റെ പേരില്‍ സിപി ഉദയഭാനു ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് കൊല്ലപ്പെട്ട രാജീവ് ഹൈക്കോടതിയെ സമീപിച്ചത്.
പണം വാങ്ങിയതിനു ശേഷം രാജീവ് തന്നെ വഞ്ചിച്ചുവെന്ന് കാണിച്ച് ആലുവ റൂറല്‍ എസ്പിയ്ക്ക് താന്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതില്‍ നിന്ന് ഒഴിവാകുന്നതിന്‍റെ ഭാഗമായാണ് രാജീവ് തനിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതെന്ന് അഡ്വ സിപി ഉദയഭാനു പ്രതികരിച്ചു. വെള്ളിയാഴ്ച്ച കേസുമായി ബന്ധപ്പെട്ട മൂന്ന് പേരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് ഗുണ്ടകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.