‘റംസാന്‍ കാലത്തും തട്ടിക്കൊണ്ടുപോയവര്‍ മൂന്നുനേരവും ഭക്ഷണം തന്നിരുന്നു’; ഒരിക്കല്‍ പോലും അവര്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയിരുന്നില്ലെന്ന് ഉഴുന്നാലില്‍

റംസാന്‍ കാലത്ത് നോമ്പെടുക്കുമ്പോഴും തട്ടിക്കൊണ്ടുപോയവര്‍ തനിക്ക് മൂന്നുനേരവും ഭക്ഷണം തന്നിരുന്നതായി ഫാ. ടോം ഉഴുന്നാലില്‍. കുബ്ബൂസ്, ബിരിയാണി, ചോറ്, കിഴങ്ങ് വറുത്തത്, മുട്ട പുഴുങ്ങിയത് ദിവസവും മൂന്നുനേരം ഭക്ഷണത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു കുറവും വരുത്തിയിരുന്നില്ലെന്ന് ടോം ഉഴുന്നാലില്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില ദിവസങ്ങളില്‍ മുട്ട പുഴുങ്ങിയത് അഞ്ചെണ്ണമൊക്കെ തരും. രണ്ടെണ്ണം കഴിക്കും, ബാക്കി പിറ്റേന്നത്തേയ്ക്ക് വെക്കും. പണത്തിനായുളള അവരുടെ കാത്തിരിപ്പ് മുഷിപ്പിച്ചപ്പോഴൊക്കെയും അവര്‍ തന്റെ വീഡിയോ ദൃശ്യങ്ങള്‍ എടുക്കുകയും ഫോട്ടൊയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. അഞ്ചു വീഡിയോ എങ്കിലും അവര്‍ എടുത്തുകാണും.
ഒരു ദിവസം വീഡിയോ എടുത്തപ്പോള്‍ ക്യാമറയിലെ തിയതി നോക്കിയപ്പോഴാണ് രണ്ടുദിവസം മുന്‍പ് തനിക്കവര്‍ വിഭവങ്ങളേറെയുളള ഭക്ഷണം നല്‍കിയതിന്റെ കാരണം ബോധ്യമായത്, അന്ന് ക്രിസ്മസ് ആയിരുന്നെന്നും ടോം ഉഴുന്നാലില്‍ ഓര്‍മ്മിക്കുന്നു. അവര്‍ ഒരിക്കല്‍പോലും തനിക്ക് നേരെ തോക്ക് ചൂണ്ടിയിരുന്നില്ല. മോചിപ്പിക്കപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പ് താന്‍ പ്രസിദ്ധനാകുമെന്നും തടവറയൊരുക്കിയവര്‍ പറഞ്ഞതായി ഉഴുന്നാലില്‍ വിശദമാക്കുന്നു.

© 2022 Live Kerala News. All Rights Reserved.