തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍; കേന്ദ്ര ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭുമി ഇടപാടുകള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുന്നു. പരിസ്ഥിതി പ്രാധാന്യം ഉളള വേമ്പനാട്ടു കായലില്‍ നടന്ന കയ്യേറ്റം, കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ എന്നിവ കണക്കിലെടുത്താണ് കേന്ദ്രം വിവര ശേഖരണം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ എത്തിയ സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഐബി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ വകുപ്പുകള്‍ അന്വേഷണത്തില്‍ തീരുമാനമെടുക്കുക.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക പാലസിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ കേന്ദ്ര ഫണ്ട് ചെലവഴിച്ചതിനെ പറ്റിയും സംഘം അന്വേഷിക്കുന്നുണ്ട്. എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വലിയകുളം ജെട്ടി റോഡ് പൊതു ആവശ്യത്തിനാണോ സ്വകാര്യ ആവശ്യത്തിനാണോ എന്നാണ് പരിശോധിക്കുന്നത്.

അതീവ പരിസ്ഥിതി പ്രാധാന്യമുളള വേമ്പനാട്ടു കായലിന്റെ സംരക്ഷണം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ തണ്ണീര്‍ത്തല അതോറിറ്റിയുടെ നിയന്ത്രണത്തിലായതിനാല്‍ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പ്രാഥമിക പരിശോധനയും നടത്തുന്നുണ്ട്. 2013 ലെ തണ്ണീര്‍ത്തട നിയമത്തിനു ശേഷം കായല്‍ മേഖലയില്‍ നടന്ന ഭൂമിയുടെ ഘടനാപരമായ മാറ്റങ്ങളും അന്വേഷണത്തിലുണ്ട്. നേരത്തെ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇതു സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.