ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടേയെന്ന് ഹൈക്കോടതി; ക്വട്ടേഷന്‍ ദിലീപിന്റേതെന്ന് പത്താം പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഞ്ചാമത് ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ വിധി പറയാനായി ഹൈക്കോടതി മാറ്റിവെച്ചു. പ്രതിഭാഗത്തിന്റെ വാദം ഇന്നലെ കഴിഞ്ഞതിനാല്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടന്നത്. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയെ മൊബൈല്‍ എവിടേയെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പ്രോസിക്യൂഷന്‍ ഇത് തന്നെയാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ ചോദ്യമെന്ന് മറുപടി നല്‍കി.
ക്വട്ടേഷന്‍ ദിലീപിന്റെയാണെന്ന് 10ാം പ്രതി വെളിപ്പെടുത്തിയിട്ടുള്ളതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യയുടെ ഡ്രൈവര്‍ ശ്രമിച്ചതായും കോടതിയില്‍ പ്രോസിക്യൂഷന്റെ വാദം. സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയതായി മൊഴി നല്‍കിയ ആളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. സിനിമ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്നും പൊലീസ് കേസായാല്‍ മൂന്ന് കോടി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും സുനി മൊഴിനല്‍കിയതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ ക്വട്ടേഷനിലൂടെ 65 കോടി രൂപയുടെ നേട്ടം തനിക്കുണ്ടാവുമെന്ന് ദിലീപ് പറഞ്ഞതായും സുനി മൊഴി നല്‍കിയിട്ടുണ്ട്.

സിനിമ മേഖലയിലെ നാല് പേരുടെ കൂടി മൊഴി രേഖപ്പെടുത്താനുണ്ടെന്നും ദിലീപിനെ ഇപ്പോള്‍ പുറത്തുവിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.