സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു; പൂര്‍ത്തിയായത് നാല് വര്‍ഷം നീണ്ട അന്വേഷണം

തിരുവനന്തപുരം: സോളാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെെമാറി. 4 ഭാഗങ്ങളുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ കെെമാറിയത്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കെെമാറിയെന്നും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മുഖ്യമന്ത്രി പങ്കുവെയ്ക്കുമെന്നും ജസ്റ്റിസ് ശിവരാജന്‍ അറിയിച്ചു. പത്ത് മിനിറ്റിലധികം മുഖ്യമന്ത്രിയുമായി ജസ്റ്റിസ് ശിവരാജന്‍ കൂടിക്കാഴ്ച്ച നടത്തി.
രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ തട്ടിപ്പ് കേസാണ് സോളാര്‍. അന്വേഷണ കമ്മീഷന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ സമയം നീട്ടികിട്ടണമെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സോളാര്‍ കേസില്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങിയിട്ടു നാലു വര്‍ഷമാകുന്നു. 2013 ആഗ്‌സ്ത് 16നാണു സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. നാല് തവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലാവതി നീട്ടികിട്ടണമെന്ന് ജസ്റ്റിസ് ശിവരാജന്‍ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മീഷനു മുന്‍പാകെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി മൊഴിയെടുത്തിരുന്നു.

സംസ്ഥാനത്ത് സൗരോര്‍ജ്ജ സംവിധാനം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയത്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രവര്‍ത്തിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവരുള്‍പ്പെടെ സോളാര്‍ കമ്പനിയുടെ ഉടമയായ സരിത എസ് നായരുമായി സംസാരിച്ചതുമായി പുറത്ത് വന്ന രേഖകള്‍ രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.