ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ യുഎസിലെ ഡിജിറ്റല്‍ ലാബിലേക്ക് അയച്ചു; പ്രതികളെ തിരിച്ചറിയാന്‍ സഹായകമാകും

ബംഗലൂരൂ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അമേരിക്കയിലെ ഡിജിറ്റല്‍ ലാബിലേക്ക് അയച്ചു. പ്രതികളുടെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താനാണ് യുഎസിലെ ലാബിലേക്ക് ദൃശ്യങ്ങള്‍ അന്വേഷണ സംഘം കൈമാറിയത്.
ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിന്റെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളുടെ വ്യക്തതക്കുറവ് അന്വേഷണ പുരോഗതിക്ക് തടസ്സമാവുന്ന ഘട്ടത്തിലാണ് വിദഗ്ധ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങിയത്. യുഎസിലെ വിദഗ്ധ പരിശോധന അക്രമികളുടെ ചിത്രത്തിന് വ്യക്തത പകരുമെന്നാണ് കരുതപ്പെടുന്നത്. ഐജി ബികെ സിങിന്റെ മേല്‍നോട്ടത്തിലുള്ള 21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് ( എസ്ഐടി) കേസ് അന്വേഷിക്കുന്നത്.

സെപ്തംബര്‍ അഞ്ചിനാണ് ഫാസിസത്തിനെതിരെ തുറന്നെഴുതിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ അഞ്ച് ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീടിന് മുന്നിലെ പോര്‍ച്ചില്‍ ഗൗരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകള്‍ ഗൗരിയുടെ ദേഹത്ത് തുളഞ്ഞു കയറി ഒരെണ്ണം നെറ്റിയില്‍ തറച്ചു.

© 2024 Live Kerala News. All Rights Reserved.