കൊച്ചി: കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 11ാം പ്രതി ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി, പ്രോസിക്യൂഷന്റെ വാദം നാളെ തുടരും. ദിലീപിന് ജാമ്യം നല്‍കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്റേത്. ഇതിലേക്കായി കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. സര്‍ക്കാര്‍ വാദം കേള്‍ക്കുന്നതിനായാണ് ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റിയത്.
ദിലീപിന് വേണ്ടി അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ഹാജരായത്. വാദത്തിനായി എത്രസമയം വേണമെന്ന ചോദ്യത്തിനു ഒന്നര മണിക്കൂര്‍ വേണമെന്ന് അദ്ദേഹം അറിയിച്ചു. കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്ന് പ്രതിഭാഗം കോടതിയില്‍ പരാതിപ്പെട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരുവിവരവും ഉള്‍പ്പെടുത്തുന്നില്ലെന്നും കുറ്റങ്ങള്‍ എന്തെന്ന് അറിയുന്നില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ ആക്ഷേപം. കുറ്റങ്ങള്‍ എന്തെന്ന് അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.
പള്‍സര്‍ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞ് ബി രാമന്‍ പിള്ള കോടതിയില്‍ അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇങ്ങനെ പോയാല്‍ സുനി മാപ്പുസാക്ഷിയാകുന്നത് കാണേണ്ടി വരുമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
റിമാന്‍ഡിലായതിന് ശേഷം അഞ്ചാമത് ജാമ്യപേക്ഷയാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസന്വേഷണം അന്തിമഘട്ടത്തിലായതിനാലും പുതിയ തെളിവുകള്‍ ഇല്ലാത്തതിനാലും സോപാധിക ജാമ്യം വേണമെന്നാണ് ദിലീപിന്റെ ആവശ്യം. മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും നടന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സെപ്റ്റംബര്‍ 19ന് ജാമ്യാപേക്ഷ മാറ്റിവയ്ക്കുന്നതിനിടെ ‘എന്തിന് വീണ്ടും വന്നു?’ എന്ന് കോടതി ചോദിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകരുടെ വാദം കോടതി കേട്ടില്ല. ജാമ്യാപേക്ഷ തള്ളിയ സാഹചര്യം മാറിയിട്ടില്ലെന്ന് കോടതി പ്രസ്താവിക്കുകയും ചെയ്തിരുന്നു. കസ്റ്റഡി കാലാവധി മാറ്റിയതല്ലാതെ വേറെന്തുമാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും കോടതി ചോദിച്ചു. കേസന്വേഷണം തുടരുകയാണ്. കാവ്യ മാധവനേയും നാദിര്‍ ഷായേയും ചോദ്യം ചെയ്യുന്നുണ്ട്. സാഹചര്യങ്ങളില്‍ കാതലായ മാറ്റമുണ്ടായാല്‍ മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുള്ളൂയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.