ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അന്തരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നിന്നുളള ഇമാന്‍ ഭാരം കുറക്കാനുളള ചികിത്സക്കു വേണ്ടി ഇന്ത്യയിലും എത്തിയിരുന്നു. ഇമാന്റെ വൃക്കകള്‍ ഉള്‍പ്പെടെയുളള ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. തിങ്കളാഴ്ച പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം.
മുംബൈയിലെ സൈഫി ആശുപത്രിയില്‍ നിന്ന് മേയ് ആദ്യമാണ് ഡിസ്ചാര്‍ജ് ചെയ്ത് അബുദാബിയിലേക്ക് കൊണ്ടു പോയത്. അമിതവണ്ണം കാരണം 25 വര്‍ഷമായി കിടക്കയില്‍ കഴിയുന്ന ഇമാനെ ഈജിപ്തില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടു വരുമ്പോള്‍ 498 കിലോയോളമായിരുന്നു തൂക്കം. പക്ഷാഘാതത്തിന്റെ അവശതകളും അവര്‍ക്കുണ്ടായിരുന്നു.
തുടക്കത്തില്‍ തന്നെ ഭക്ഷണ ക്രമീകരണത്തിലൂടെ ഇമാന്റെ ഭാരം നൂറു കിലോയോളം കുറച്ചെന്ന് മുംബൈയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പിന്നീട് ചികിത്സ പൂര്‍ത്തിയായതായി അറിയിച്ച് ഇമാനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തുനിഞ്ഞതോടെ ബന്ധുക്കള്‍ ഇടയുകയും ഇമാനെ അബുദാബിയിലേക്ക് മാറ്റുകയുമായിരുന്നു.

© 2022 Live Kerala News. All Rights Reserved.