കശ്മീര്‍ പെല്ലറ്റാക്രമണം സൂചിപ്പിക്കാന്‍ കാണിച്ചത് ഗാസയിലെ ചിത്രം; യുഎന്നിലെ പാക് അബദ്ധം ചൂണ്ടിക്കാട്ടി ലോകമാധ്യമങ്ങള്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ പെല്ലറ്റാക്രമണം ചൂണ്ടിക്കാണിക്കാന്‍ പാക്പ്രതിനിധി ഉയര്‍ത്തിക്കാട്ടിയത് ഗാസയിലെ ചിത്രം. കഴിഞ്ഞ ദിവസങ്ങളിലായി യുഎന്‍ പൊതുസഭയില്‍ ഇന്ത്യ നടത്തുന്ന കടുത്ത ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് പാക് പ്രതിനിധി മലീഹ ലോധിക്ക് അബദ്ധം പിണഞ്ഞത്.
മലീഹ ഉയര്‍ത്തിക്കാണിച്ചത് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍ യുവതിയുടെ ചിത്രമാണെന്ന് ചൂണ്ടിക്കാട്ടി ലോകമാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പാകിസ്താന്‍ ഭീകരവാദം വളര്‍ത്തുകയാണെന്ന് സുഷമയുടെ പ്രസംഗത്തെ കശ്മീര്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനായിരുന്നു പാകിസ്താന്റെ ശ്രമം. സുഷമ സ്വരാജ് കശ്മീരികളുടെ പ്രശ്‌നം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് മലീഹ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. സ്ത്രീ-പുരുഷ ഭേദമേന്യേ കശ്മീരികള്‍ ഇരയാകുകയാണ്. ഇന്ത്യന്‍ സൈന്യം പെല്ലെറ്റ് തോക്കുകള്‍ കൊണ്ട് കശ്മീരി ജനതയെ ആക്രമിക്കുകയാണെന്നും മലീഹ പറഞ്ഞു. ഇതിനിടെയാണ് മലീഹ ചിത്രം ഉയര്‍ത്തിക്കാട്ടിയത്.
യുഎന്‍ പൊതുസഭയുടെ 72ാം സമ്മേളനത്തില്‍ പാകിസ്താനെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ ഐഐടിയും ഐഐഎമ്മും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കിയപ്പോള്‍ പാകിസ്താന്‍ തീവ്രവാദ സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷെ-ഇ മുഹമ്മദ്, ഹക്വാനി നെറ്റ്വര്‍ക്ക്, ഹിസ്ബുള്‍ മുജാഹിദിന്‍ എന്നിവ കെട്ടിപ്പൊക്കിയെന്ന് സമ്മേളനത്തില്‍ സുഷമ സ്വരാജ് പറഞ്ഞു.

193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രിയുടെ പേര് പ്രസംഗത്തില്‍ രണ്ട് വട്ടം സുഷമ സ്വരാജ് പരാമര്‍ശിച്ചു. 21 മിനിറ്റ് ദൈര്‍ഘ്യമുളള പ്രസംഗത്തില്‍ ചൈനയ്ക്കെതിരെയും സുഷമ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജയ്ഷെ മുഹമ്മദ് തലവന്‍ മസുദ് അസ്ഹറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് തുടര്‍ച്ചയായി എതിര്‍ത്തു വരുന്ന ചൈനീസ് നയത്തെയാണ് സുഷമ പരോക്ഷമായി വിമര്‍ശിച്ചത്.

© 2024 Live Kerala News. All Rights Reserved.