മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്നാട്; കേരളവുമായി ചര്‍ച്ച നടത്തുമെന്ന് ഒ.പനീര്‍ശെല്‍വം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്. 152 അടിയായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കിയത്. ഇതിനായി കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയതിന് പിന്നാലെയാണ് ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നീക്കം നടത്തുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അണക്കെട്ടില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയത്. അണക്കെട്ടിന്റെ 10-11 ബ്ലോക്കുകള്‍ക്കിടിയിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. കേരളത്തിലെ ജലവിഭവ വകുപ്പ് ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെയും മേല്‍നോട്ട സമിതിയെയും അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയത്. നിലവില്‍ 128 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ വിളളല്‍ കണ്ടിരുന്നു. എന്നാല്‍ ജലനിരപ്പ് ഇത്രയും താഴ്ന്ന് നില്‍ക്കുമ്പോള്‍ ചോര്‍ച്ച കാണുന്നത് ആദ്യമായാണ്. 2014 നവംബറില്‍ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോളും ഇത്തരത്തില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു.

© 2022 Live Kerala News. All Rights Reserved.