കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി; നാദിര്‍ഷായുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് സാധുതയില്ലെന്ന് കോടതി പ്രസ്താവിച്ചു.
കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്നും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ നാലിലേക്ക് മാറ്റി.
കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് ചെയ്യാനുള്ള സാധ്യത കണ്ടാണ് കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണസംഘത്തിന് ദുരുദ്ദേശമുണ്ടെന്നും അന്വേഷണത്തില്‍ പക്ഷപാതിത്വമുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നു എന്നാരോപിച്ചാണ് നാദിര്‍ഷാ ഹര്‍ജി നല്‍കിയത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. സംഭവത്തില്‍ നേരിട്ട് ഇടപെട്ടിട്ടുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ആലുവ സബ്ജയിലില്‍കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

© 2022 Live Kerala News. All Rights Reserved.