‘ഇന്ത്യ ഐഐടിയും ഐഐഎമ്മും ഉണ്ടാക്കി, പാകിസ്താന്‍ ലഷ്കറിനെ വളര്‍ത്തി’; യുഎന്‍ പൊതു സമ്മേളനത്തില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി സുഷമ സ്വരാജ്

യുഎന്‍ പൊതുസഭയുടെ 72ാം സമ്മേളനത്തില്‍ പാകിസ്താനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യ ഐഐടിയും ഐഐഎമ്മും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കിയപ്പോള്‍ പാകിസ്താന്‍ തീവ്രവാദ സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ-ഇ മുഹമ്മദ്, ഹക്വാനി നെറ്റ്‌വര്‍ക്ക്, ഹിസ്ബുള്‍ മുജാഹിദിന്‍ എന്നിവ കെട്ടിപ്പൊക്കിയെന്ന് സമ്മേളനത്തില്‍ സുഷമ സ്വരാജ് പറഞ്ഞു.
193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രിയുടെ പേര് പ്രസംഗത്തില്‍ രണ്ട് വട്ടം സുഷമ സ്വരാജ് പരാമര്‍ശിച്ചു. 21 മിനിറ്റ് ദെെര്‍ഘ്യമുളള പ്രസംഗത്തില്‍ ചൈനയ്‌ക്കെതിരെയും സുഷമ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസുദ് അസ്ഹറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് തുടര്‍ച്ചയായി എതിര്‍ത്തു വരുന്ന ചൈനീസ് നയത്തെയാണ് സുഷമ പരോക്ഷമായി വിമര്‍ശിച്ചത്.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ തടയാന്‍ ശ്രമം അനിവാര്യമാണ്. നല്ല ഭീകരര്‍ ആര്, മോശം ഭീകരര്‍ ആര് എന്ന് തര്‍ക്കിച്ച് സമയം കളയുന്നതില്‍ യുക്തിയില്ലെന്നും സുഷമ വ്യക്തമാക്കി. ഹിന്ദിയിലായിരുന്നു സുഷമയുടെ പ്രസംഗം . ഇത് രണ്ടാം തവണയാണ് ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ ഹിന്ദിയില്‍ സുഷമ സ്വരാജ് സംസാരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.