‘കേന്ദ്രത്തില്‍ നിന്നും 150 സ്ഥാനങ്ങള്‍ ലഭിച്ചതില്‍ 149ഉം ബിജെപി തട്ടിയെടുത്തു’; സി.കെ ജാനുവിനെയും ബിജെപി പറഞ്ഞുപറ്റിച്ചുവെന്ന് വെളളാപ്പളളി നടേശന്‍

കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കുന്നതിനെ എതിര്‍ത്തത് കേരളത്തിലെ ബിജെപിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. അടുത്ത 50 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഭരണം കിട്ടാന്‍ പോലുമുളള സാഹചര്യം ഇല്ലെങ്കിലും ഘടകകക്ഷികളെ ബിജെപി അടുപ്പിക്കുന്നില്ല. ഇവിടെ എന്‍ഡിഎ ഇല്ല. ബിജെപി മാത്രമെയുളളൂ. കേന്ദ്രത്തില്‍ നിന്നും 150 രാഷ്ട്രീയ സ്ഥാനങ്ങള്‍ ലഭിച്ചതില്‍ 149 സ്ഥാനവും ബിജെപി കൗശലപൂര്‍വം തട്ടിയെടുത്തു.
എല്ലാം മുന്നാക്കക്കാര്‍ക്കാണ് നല്‍കിയത്. കേരളത്തിലെ ബിജെപിയില്‍ പിന്നോക്കാഭിമുഖ്യം കുറവാണെന്നും ഈ മട്ടില്‍ ബിഡിജെഎസിന് എത്രകാലം എന്‍ഡിഎയില്‍ തുടരാനാവുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കുമെന്ന് പറഞ്ഞെങ്കിലും ചാത്തന്നൂരില്‍ ഉള്‍പ്പെടെ രണ്ടാംസ്ഥാനത്ത് എത്തിയ പിന്നാക്കക്കാരെ പരിഗണിച്ചില്ല. മുന്നാക്കക്കാര്‍ക്ക് നല്‍കുകയും ചെയ്തു. സി.കെ ജാനുവിനെയും ബിജെപി പറഞ്ഞുപറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു.