സോളാര്‍ കേസ്: പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു

ബംഗലൂരൂ: സോളാര്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. സോളാര്‍ കേസില്‍ വ്യവസായി എംഎം. കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ബംഗളുരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമാ ഗൗഡയാണ് വിധി പറയുന്നത് മാറ്റിവെച്ചത്. അടുത്തമാസം ഏഴിന് കേസില്‍ കോടതി വിധി പറയും.
4000 കോടി രൂപയുടെ സോളാര്‍ പദ്ധതിയില്‍ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് 1.35 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോസ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിക്കെതിരെ നല്‍കിയ പരാതിയിലാണ് ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയായുള്ളത്.

ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിരിക്കുന്ന കേസില്‍ നേരിട്ടു കൈക്കൂലി വാങ്ങി സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ കേസുമായി ബന്ധമില്ലാത്ത തന്നെ ഒഴിവാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. കേസില്‍ നേരത്തെ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള ആറു പ്രതികളും 1.61 കോടി രൂപ തിരിച്ചു നല്‍കണമെന്ന് 2016 ഒക്ടോബര്‍ 24ന് ഇതേ കോടതി വിധിച്ചിരുന്നു. ഇതില്‍ അപ്പീല്‍ നല്‍കിയ ഉമ്മന്‍ചാണ്ടിയ്ക്ക് ഏപ്രിലില്‍ ഹര്‍ജിയില്‍ അനുകൂല വിധി ലഭിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.