‘പറഞ്ഞതെല്ലാം കള്ളം’; അപ്പോളോയില്‍ ജയലളിതയെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി മന്ത്രി; ഒപ്പമുണ്ടായിരുന്നത് ശശികല മാത്രം

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത നിറച്ച് തമിഴ്‌നാട് മന്ത്രിയുടെ വെളിപ്പെടുത്തല്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ ആരും അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നില്ലെന്നും ശശികല അല്ലാതെ ആരേയും മുറിക്കുള്ളില്‍ അനുവദിച്ചിരുന്നില്ലെന്നും വനം മന്തരി ഡിണ്ടിഗല്‍ ശ്രീനിവാസന്‍. ജയലളിതയെ സന്ദര്‍ശിച്ചെന്നും അവരുടെ ആരോഗ്യസ്ഥിതി മികച്ചതാണെന്നും ഇഡ്ഡലി കഴിച്ചുവെന്നുമെല്ലാം പറയാന്‍ നിര്‍ബന്ധിതതരാകുകയായിരുന്നു അണ്ണാഡിഎംകെ നേതാക്കളെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ശശികലയും ബന്ധുക്കളും പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അണ്ണാഡിഎംകെ നേതാക്കള്‍ പറഞ്ഞത്. എല്ലാം കള്ളമായിരുന്നെന്നും ആര്‍ക്കും ആശുപത്രിയില്‍ ജയയെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി. കാണാനെത്തിയവര്‍ക്കെല്ലാം ശശികലയുടെ ബന്ധുക്കളുടെ ‘ബ്രീഫിങ്’ കേട്ട് മടങ്ങേണ്ടി വന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കള്ളം പറയേണ്ടി വന്നതില്‍ വനം മന്ത്രി പൊതുജനമധ്യേ മാപ്പ് ചോദിച്ചു.

“സര്‍ക്കാരില്‍ നിന്നുള്ള എല്ലാവരും എഐഡിഎംകെ പാര്‍ട്ടിയില്‍ നിന്നുള്ളവരും ജയലളിതയെ അപ്പോളോയില്‍ സന്ദര്‍ശിച്ചവരെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമാണ്. പാര്‍ട്ടി രഹസ്യം പുറത്തുപോകാതിരിക്കാനാണ് കള്ളം പറഞ്ഞത്.”
ശ്രീനിവാസന്‍, വനം മന്ത്രി

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോയില്‍ പ്രവേശിപ്പിക്കുന്നത്. ഡിസംബര്‍ 5നാണ് ജയലളിത മരിച്ചത്. 2016 ഒക്ടോബര്‍ 1ന് ശേഷം ശശികല ജയലലിതയെ കണ്ടിട്ടില്ലെന്ന ടിടിവി ദിനകരന്റെ പ്രസ്താവനയെ ശ്രീനിവാസന്‍ തള്ളുകയും ചെയ്തു. ചിന്നമ്മ മാത്രമാണ് അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.