ബംഗളുരുവില്‍ തട്ടികൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥി ശരതിനെ കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ കാണാതായിരുന്നു.
വിദ്യാര്‍ത്ഥിയെ മോചിപ്പിക്കണമെങ്കില്‍ 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചിരുന്നു.
വിദ്യാര്‍ത്ഥിയെ കാണാതായ കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ശരതിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ബംഗളുരുവിലാണ് ശരതും കുടുംബവും താമസിക്കുന്നത്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.