അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് വീണ്ടും അനുമതി നിഷേധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കോഴിക്കോട് കക്കാടം പൊയിലില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചില്ല. ഇനിയും ചില നടപടിക്രമങ്ങള്‍ പാര്‍ക്ക് അധികൃതര്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കനും അല്ലെങ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്ന് ബോര്‍ഡ് അന്ത്യശാസനവും നല്‍കിട്ടുണ്ട്. ഇതില്‍ വീഴ്ച ഉണ്ടായാല്‍ പാര്‍ക്ക് അടച്ചുപൂട്ടുമെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയതിനെതിരെ പി.വി അന്‍വര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈകോടതി ഒരിക്കല്‍ കൂടി പാര്‍ക്ക് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. ഇതുപ്രകാരം ബുധനാഴ്ച പാര്‍ക്ക് സന്ദര്‍ശിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനാനുമതി നല്‍കിയത്. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടംപൊയില്‍. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എന്‍ഒസിയുടെ നിര്‍മ്മാണത്തിന്റെ മറവില്‍ മുഴുവന്‍ നിര്‍മ്മിതികളും പൂര്‍ത്തിയാക്കിയത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ഇല്ല. ആയിരം ചതുരശ്ര അടി നിര്‍മ്മിതിയ്ക്ക് മുകളിലുള്ള നിര്‍മ്മാണത്തി്‌ന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് നിലമ്പൂര്‍ എംഎല്‍എ ഇതെല്ലാം കാറ്റില്‍ പറത്തിയത്. വാട്ടര്‍ തീംപാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ കണ്ടിട്ടുപോലുമില്ലെന്ന് സിടിപി ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടി. 1409.96 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന് 900 ചതുരശ്ര അടിയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണാനുമതിയില്‍ ഉള്ളത്.

© 2024 Live Kerala News. All Rights Reserved.