പുതുവൈപ്പ് സമരം; പാരിസ്ഥിതികാനുമതി നീട്ടുന്നതിനെതിരെ സമരക്കാര്‍ നല്‍കിയ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി

ചെന്നൈ: പുതുവൈപ്പ് ഐഒസി പാചകവാതക സംഭരണിയുടെ പാരിസ്ഥിതികാനുമതി നീട്ടി നല്‍കുന്നതിനെതിരെ പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. പരാതി നല്‍കിയതിലെ കാലതാമസമുള്‍പെടെയുള്ള സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാരുടെ ഹര്‍ജി തള്ളിയത്.
മാറ്റങ്ങള്‍ വരുത്തിയ ശേഷമുള്ള പദ്ധതി പ്രദേശമാണ് അനുമതിയ്ക്കായി പരിഗണിച്ചതെന്നായിരുന്നു സമരക്കാരുടെ പ്രധാനവാദം. അനുമതി നല്‍കി 30 ദിവസത്തിനകം പരാതി നല്‍കേണ്ടിയിരുന്നെന്നും പാരിസ്ഥിതികാനുമതി നല്‍കി 91 ദിവസത്തിന് ശേഷമാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പാരിസ്ഥിതികാനുമതി നല്‍കിയ വിവരം അറിഞ്ഞില്ലെന്നായിരുന്നു വൈകിയതിന് കാരണമായി പുതുവൈപ്പ് നിവാസികള്‍ ബോധിപ്പിച്ചിരുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അനുമതി നല്‍കിയ വിവരം പ്രസിദ്ധീകരിച്ചിരുന്നതായി ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി. പാരിസ്ഥിതികാനുമതി ചട്ടങ്ങള്‍ ലംഘിച്ചാണ് ഐഒസി കടല്‍ത്തീരത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി സമരക്കാര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ട്. ഒക്ടോബര്‍ പത്തിന് ഹര്‍ജി പരിഗണിക്കും.

എല്‍പിജി പ്ലാന്റ് ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാണത്തിനെതിരെ വന്‍ ജനകീയപ്രക്ഷോഭമാണ് പുതുവൈപ്പില്‍ നടക്കുന്നത്. ജൂണ്‍ 16ന് സ്ത്രീകളും കുട്ടികളുമുള്‍പെടെയുളള സമരക്കാരെ പൊലീസ് തല്ലിച്ചതച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജീവന് ഭീഷണിയായ പദ്ധതി ഉപേക്ഷിക്കണമെന്നാണ് പുതുവൈപ്പ് നിവാസികളുടെ ആവശ്യം. 15,450 ടണ്‍ എല്‍പിജിയാണ് ദിവസേന ടെര്‍മിനലില്‍ സംഭരിക്കപ്പെടുക.

© 2022 Live Kerala News. All Rights Reserved.